ദീർഘനിശ്വാസം 0 ▲ Bino 1 hour ago · Writing · hide · 0 comments ഏറ്റവും ആഴത്തിൽ നിങ്ങളിലോട്ട് വേരുകളാഴ്ത്തിയ മനുഷ്യരെ നിങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ? ഇടനെഞ്ചിൽ വാൾ കടത്തിയത് പോലുള്ള കൊടിയ വേദന നിങ്ങളെയന്നേരം പിടികൂടും. കരയിലിട്ട മീനിനെപ്പോലെ നിങ്ങളുടെ ശ്വാസമടയുവാൻ തുടങ്ങുമപ്പോൾ. പ്രാണൻ പിടയുന്ന വേദനകളെ വാക്കിലൊതുക്കുവാൻ കഴിയാതെ നിങ്ങളുടെ കണ്ണുകൾ കലങ്ങിമറിയും. ഇതുവരെ നിങ്ങളറിയാത്ത നിങ്ങളുടെ ആഴങ്ങളിൽ മുറിവുകൾ ഉണ്ടാകുമപ്പോൾ. അതിൽ ചോര പൊടിയുമ്പോൾ, നിലവിളിക്കാൻ പറ്റാതെ മൗനത്തിലാഴും നിങ്ങൾ. ഒരു നിമിഷത്തിലേക്കെങ്കിലും. സ്വയം മറവിയിലാണ്ട് പോയിരുന്നേലെന്ന് കൊതിക്കും നിങ്ങളാസമയം. പൊടുന്നുടനെ ഹൃദയമിടിപ്പ് പ്രാണന്റെ പിടച്ചിലിൽ പതറുമ്പോൾ, സിരകളിൽ അഗ്നിയും കണ്ണുകളിൽ ഇരുട്ടും പടർന്ന് തുടങ്ങും. മരണമാണ് നിങ്ങൾക്ക് രക്ഷപെടാനുള്ള ഒരേയൊരു വഴി നിങ്ങളാ നിമിഷം തീർച്ചപ്പെടുത്തും. ഒടുവിൽ നിങ്ങളുടെ അവസാനത്തെ ശ്വാസത്തിന്റെ തൊട്ട് മുൻപ്, അവരുടെ ഓർമകളുടെ മഴ പെയ്യും നിങ്ങളുടെ ഉള്ളിൽ. അവയുടെ നനവിന്റെ തണുപ്പിൽ, അറ്റ് പോയ വേരുകളിൽ തളിർ വരും. ആ നിമിഷം നിങ്ങൾ നീണ്ട ദീർഘനിശ്വാസത്തിലാഴും. No comments yet. Log in to reply on the Fediverse. Comments will appear here.